റോമാ സാമ്രാജ്യം


വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ

Article Images

റോമാ സാമ്രാജ്യം

(റോമൻ സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം (വിവക്ഷകൾ) എന്ന താൾ കാണുക. റോമാ സാമ്രാജ്യം (വിവക്ഷകൾ)
ഇം‍പീരിയും റൊമാനും
റോമാ സാമ്രാജ്യം

റോമാ സാമ്രാജ്യത്തിന്റെ പരമാവധി വിസ്തൃതി- ട്രേജൻ ചക്രവർത്തിയുടെ കാലത്ത് ക്രി.വ. 117.

ആപ്ത വാക്യം: സെനാത്തുസ് പോപ്പുലുസ്ക് റൊമാനുസ്

ചിഹ്നം: അക്വില

ഔദ്യോഗിക ഭാഷകൾ ലത്തീൻ, ഗ്രീക്ക്
തലസ്ഥാനങ്ങൾ റോം; കോൺസ്റ്റാൻറിനോപ്പിൾ (പിന്നീട് )
ഭരണ സം‌വിധാനം സ്വേച്ഛാധിപത്യം റിപ്പണ്ബ്ലിക്കൻ ആശയങ്ങൾ, പിന്നീട് ഏകാധിപത്യം
രാഷ്ട്രത്തലവൻ ചക്രവർത്തി, ചെറിയ പരിധി വരെ രണ്ട് കോൺസുൾമാർ; വിഭജനത്തിനു ശേഷം പടിഞ്ഞാറൻ റോമാ സാമ്രാജ്യം പൗരസ്ത്യ റോമാ സാമ്രാജ്യം
ഭരണത്തലവൻ രണ്ടു കോൺസുൾമാർക്കും തുല്യാവകാശം ഉണ്ടായിരുന്നു എന്നാൽ ഒരു കോൺസുൾ ചക്രവർത്തിയായിത്തീരും.
ഭരണ സമിതി റോമൻ സെനറ്റ്
വിസ്തൃതി
 - മൊത്തമ്മ്

 - % ജലം

തകർച്ചക്ക് മുന്ന്
2.3 ദശലക്ഷം ച. മൈൽ (5 900 000 km²) ഏറ്റവും വിസ്തൃതിയുള്ളപ്പോൾt
 ?%
ജനസംഖ്യ 55 ദശലക്ഷം മുതൽ 120 ദശലക്ഷം വരെ ഏകദേശം
സ്ഥാപനം സെപ്റ്റംബർ‍ 2 ക്രി.വ. 32
ശിഥിലീകരണം പടിഞ്ഞാറൻ റോമാ സാമ്രാജ്യം പൗരസ്ത്യ റോമാ സാമ്രാജ്യം എന്ന പേരിൽ വിഭജനം സെപ്തംബർ 4, 476, പൗരസ്ത്യ സാമ്രാജ്യം മേയ് 29, 1453 വരെ നില നിന്നു.
ആദ്യത്തെ ചക്രവർത്തി അഗസ്റ്റസ് സീസർ (ക്രി.മു 27-ക്രി.വ. 14)
അവസാനത്തെ ചക്രവർത്തി തിയോഡോഷ്യസ് ഒന്നാമൻ (379-395) മുഴുവൻ സാമ്രാജ്യത്തിൻറെ അവസാന ചക്രവർത്തി, പിന്നീട് വിഭജനത്തിനു ശേഷം റോമുലുസ് അഗസ്റ്റസ്(475-476)പടിഞ്ഞാറൻ റോമാ സാമ്രാജ്യം ഭരിച്ചു, അതിനുശേഷം ജൂലിയസ് നേപോസ് 480 വരെ അവസാനത്തേയും ചക്രവർത്തിയായി. പൗരസ്ത്യ റോമാ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തി കോൺസ്റ്റാൻറിൻ പതിനൊന്നാമൻ(1449-1453)
മുൻപത്തെ രാഷ്ട്രം റോമൻ റിപ്പബ്ലിക്ക്
പിൻപത്തെ രാഷ്ട്രങ്ങൾ പടിഞ്ഞാറൻ റോമാ സാമ്രാജ്യം and പൗരസ്ത്യ റോമാ സാമ്രാജ്യം.
നാണയം സോളിഡുസ്, ഔറേയുസ്, ദെനാറിയുസ്, സെസ്റ്റാർട്ടിയുസ്, അസ്

അഞ്ഞൂറ് വർഷം പഴക്കമുള്ള റോമൻ റിപ്പബ്ലിക്കിനുശേഷം സ്ഥാപിതമായ[] ഏകാധിപത്യസാമ്രാജ്യമാണ് റോമാ സാമ്രാജ്യം എന്നറിയപ്പെടുന്നത്. ലത്തീനിൽ ഇം‍പീരിയും റൊമാനും (Imperium Romanum) ആംഗലേയത്തിൽ Roman Empire. അഞ്ചു നൂറ്റാണ്ട് നിലനിന്ന ഈ സാമ്രാജ്യത്തിലെ ആദ്യ ചക്രവർത്തി അഗസ്റ്റസ് സീസർ എന്ന ഓക്ടോവിയൻ ആയിരുന്നു. ചൈനയിലെ ഹാൻ സാമ്രാജ്യവും റോമാ സാമ്രാജ്യവുമായിരുന്നു ലോകത്തിലെ വൻശക്തികളായിരുന്നത്. എന്നാൽ നൂറുകൊല്ലത്തോളമേ ഈ സാമ്രാജ്യത്തിൽ അഭിവൃദ്ധി നിലനിന്നിരുന്നുള്ളൂ. പിൽക്കാലങ്ങളിൽ അന്ത:ഛിദ്രവും അധഃപതനവുമായിരുന്നു.

റോമൻ റിപ്പബ്ലിക്ക് സുള്ള, പോം‍പേ, ജൂലിയസ് സീസർ എന്നിവരുടെ കാലത്തിലേ ശിഥിലമായിരുന്നു. മാർക്കുസ് ബ്രൂട്ടസ് ജൂലിയുസ് സീസറിനെ കൊന്നു കൊണ്ട് ജനകീയ ചായ്വുള്ള ഭരണ വ്യവസ്ഥക്ക് അവസാനമിട്ടു. [1] സാമ്രാജ്യത്തിലേയ്ക്കുള്ള പരിണാമം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും, താഴെപ്പറയുന്ന സംഭവങ്ങൾ റിപ്പബ്ലിക്കിൽ നിന്നും സാമ്രാജ്യത്തിലേക്കുള്ള പരിവർത്തനത്തിലെ നാഴികക്കല്ലുകളാണ്.

  • ജൂലിയസ് സീസറിനെ ദീർഘകാല ഏകാധിപതിയാക്കപ്പെട്ട നാൾ (ക്രി.മു. 44)
  • അഗസ്റ്റസ് സീസർ ആക്റ്റിയം യുദ്ധത്തിൽകൂടീ ജൂലിയസ് സീസറീന്റെ സിംഹാസനം സ്വന്തമാക്കിയ സമയം (ക്രി.മു. 31 സെപ്റ്റംബർ 2)
  • റൊമൻ സെനറ്റ് ഒക്ടേവിയന് അഗസ്റ്റസ് എന്ന സ്ഥാനപ്പേർ നൽകിയ സമയം (ക്രി.മു. 27 ജനുവരി 16)

അഗസ്റ്റസിന്റെ കാലം മുതൽ പടിഞ്ഞാറൻ റോമൻ സാമ്രാജ്യം തകരുന്നതു വരെ റോം പടിഞ്ഞാറൻ യൂറേഷ്യ മൊത്തം അടക്കി വാണു. ട്രാജന്റെ കാലത്ത് റോമാ സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ എത്തിയെങ്കിലും അതിനുള്ള ശ്രമങ്ങൾ നേരത്തേ തന്നെ നടന്നിരുന്നു. ട്രാജൻ ചക്രവർത്തി ക്രി.വ. 116-ല് ഡേസിയ കീഴടക്കിയതാണ് അവസാനത്തെ കൂട്ടിച്ചേർക്കൽ. ഏകദേശ വിസ്താരം 5,900,000 ച.കി.മീ. ആയിരുന്നു എന്നു പറയുമ്പോൾ തന്നെ അതിന്റെ ബൃഹത്തായ ചക്രവാള സീമ നമുക്ക് മനസ്സിലാക്കാം.

റോമാ സാമ്രാജ്യത്തിന്റെ അവസാനം പാരമ്പര്യമായി ക്രി.വ. 476 സെപ്റ്റംബർ 4 നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് റോമിന്റെ അവസാനത്തെ ചക്രവർത്തിയായ റോമുലുസ് അഗസ്തുസ് നിക്കം ചെയ്യപ്പെടുകയും എന്നാൽ പകരക്കാരനെ നിയോഗിക്കാതിരുക്കുകയും ചെയ്തത്. എന്നിരുന്നാലും ബൈസാന്റിൻ സാമ്രാജ്യം എന്നറിയപ്പെട്ടിരുന്ന പൗരസ്ത്യ റോമാ സാമ്രാജ്യം പിന്നീടും തുടർന്നു.

റോമാ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തി അഗസ്റ്റസ് സീസർ എന്നറിയപ്പെടുന്ന ഒക്ടേവിയൻ ആണ്. ജൂലിയസ് സീസറുടെ സഹോദരിയുടെ പുത്രനും അദ്ദേഹത്തിന്റെ ദത്തുപുത്രനുമായിരുന്നു ഒക്ടേവിയൻ. ജൂലിയസ് സീസർ ക്രി.മു. 44 ല് കൊല്ലപ്പെടുമ്പോൾ ഒക്ടേവിയന് പതിനെട്ടു വയസ്സ് മാത്രമായിരുന്നു. വിദ്യാർത്ഥിയായിരുന്ന അദ്ദേഹം റോമിന്റെ പാരമ്പര്യത്തെപ്പറ്റിയും തത്ത്വജ്ഞാനം, സാഹിത്യം, എന്നിവ നന്നായി പഠിച്ചിരുന്നു. സ്പാർട്ടയിലെ ലളിതമായ ജീവിതരീതിയിൽ അദ്ദേഹത്തിന് ശരിയായ പരിശീലനവും സിദ്ധിച്ചിരുന്നു. യുദ്ധത്തിലും ഭരണകാര്യങ്ങളിലും വേണ്ടത്ര ശിക്ഷണവും സീസർ അദ്ദേഹത്തിന് നൽകിയിരുന്നു. എന്നാൽ സീസറേക്കാളും ക്ഷമാശീലനും സാമ്ര്ത്ഥ്യക്കാരനുമായിരുന്നു അദ്ദേഹം. സീസർ പരാജയപ്പെട്ടിടത്ത് അദ്ദേഹം വിജയിക്കുകയായിരുന്നു.

സീസർ മരിച്ചതോടു കൂടി സ്വാർത്ഥരായ ഭരണാധികാരികൾ അധികാര വടം‍വലി നടത്തി അന്നത്തെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കിയിരുന്നു. ഇല്ലീറിയയിൽ വിദ്യാഭ്യാസം നടത്തുകയായിരുന്ന ഒക്ടേവിയൻ ഉടൻ റോമിലെത്തുകയും അധികാര മത്സരത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ സീസറുടേ സുഹൃത്തുക്കളായിരുന്ന മാർക്ക് ആൻറണിയേയും ലെപ്പിഡസിനേയും പുറത്താക്കുന്നത് അഭികാമ്യമാകുകയില്ല എന്ന് തോന്നിയ ഓക്ടേവിയൻ അവരുമായി ചേർന്ന് ത്രിശക്തി ഭരണത്തിലേർപ്പെട്ടു. ഓരോരുത്തരും അഞ്ചു കൊല്ലത്തേയ്ക്ക് കോൺസുൾ സ്ഥാനം വഹിക്കണമെന്ന് വ്യവസ്ഥയാക്കി. എന്നാൽ ഈ മൂന്നംഗം ഭരണം ശരിക്കും മൃഗീയവും തികച്ചും അരാജകവുമായിരുന്ന്. നിരവധി സെനറ്റ് അംഗങ്ങളും കച്ചവട പ്രമാണിമാരും വധിക്കപ്പെട്ടു. പ്രമുഖ വാഗ്മിയായിരുന്ന സിസെറോ യും വധിക്കപ്പെട്ടു. ബ്രൂട്ടസും കാഷ്യസും റോമിൽ നിന്ന് ഒളിച്ചോടി അടുത്തുള്ള സ്ഥലത്തു നിന്ന് ഒരു റിപ്പബ്ലിക്കൻ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് റോമിനെതിരെ പോരിനു വന്നു. എന്നാൽ ചരിത്ര പ്രസിദ്ധമായ ഫിലിപ്പി യുദ്ധത്തിൽ പരാജയം നേരിട്ട( ക്രി.മു. 42) അവർ ഭഗ്നാശരായി അത്മഹത്യ ചെയ്തു.

പിന്നീട് സാമ്രാജ്യം മൂന്നു പേരായി പങ്കിട്ടു ഭരിച്ചു. കിഴക്കൻ പ്രദേശങ്ങൾ ആൻറണിക്കും ലെപ്പിഡസ് ആഫ്രിക്കയും ഒക്ടേവിയൻ റോം ഉൾപ്പെടെയുള്ള മറ്റു പ്രദേശങ്ങളും ഭരിക്കാമെന്നുള്ള വ്യവസ്ഥയിൽ ഭരണം തുടങ്ങി. ഇത് ഒക്ടേവിയന്റെ ബുദ്ധിയായിരുന്നു. ലെപ്പിഡസ് താമസിയാതെ വിരമിച്ചതോടെ ഒക്ടെവിയന് ആ സ്ഥലങ്ങളുടെ അധികാരവും കൈവന്നു. ഈകിപ്തിൽ അലക്സാണ്ഡ്രിയയി വാസമാക്കിയ മാർക്ക് ആൻറണി മുൻപ് ജൂലിയസ് സീസറിനെ വശീകരിച്ച ക്ലിയോപാട്ര യുടെ വലയിൽ വീണു. മറ്റെല്ലാം മറന്ന് ആ മാദകത്തിടമ്പിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ജീവിച്ചു. റോമിലെ ജനങ്ങൾ ഇതിൽ അതൃപ്തരായിരുന്നു. ഈ ആശങ്കയെ മുതലെടുത്ത ഒക്ടേവിയൻ സെനറ്റിനെ പാട്ടിലാക്കി ആൻറണിയെ കോൺസുൾ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു, ക്ലിയോപാട്ര യെ ശത്രുവായി പ്രഖ്യാപിച്ച് അവരുമായി യുദ്ധത്തിന് പുറപ്പെട്ടു. ക്രി.മു. 31-ല് ആക്റ്റിയം എന്ന സ്ഥലത്ത് വച്ച് നടന്ന ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ ഒക്ടേവിയൻ ക്ലിയോപാട്രയുടേയും ആൻറണിയുടേയും സേനയെ തോല്പിച്ചു. ഭയന്ന ആൻറണി ആത്മഹത്യ ചെയ്തു. ക്ലിയോപാട്രയാകട്ടേ ആദ്യം ഒക്ടേവിയനെ വശീകരിക്കാൻ ശ്രമം നടത്തുകയും എന്നാൽ പരാജയപ്പെട്ടപ്പോൾ വിഷപ്പാമ്പിനെ പുണർന്ന് മരണം വരിച്ചു.

തിരിച്ചു വന്ന ഒക്ടേവിയൻ ക്രി.മു. 29ല് റൊമാ സാമ്രാജ്യത്തിന്റെ സർവ്വാധിപനായിത്തീർന്നു. റോമാക്കാർ അദ്ദേഹത്തിന് ഇം‍പറാത്തോർ (ഇമ്പറേറ്റർ) (വിജയിയായ സർവ്വസൈന്യാധിപൻ എന്നർത്ഥം എന്നും അഗസ്തുസ് ( അഗസ്റ്റസ്) (രാജകീയ പ്രൌഡിയുള്ളവൻ എന്നർത്ഥം) എന്നും സ്ഥാനപ്പേരുകൾ നല്കി. അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ അഗസ്റ്റസ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ അദ്ദേഹം കെയ്സർ (സീസർ) എന്ന തന്റെ കുടുംബപ്പേർ ചേർത്ത് വിളിക്കാനാണ് ഇഷ്ടപ്പെട്ടത്. ജുലിയോ-ക്ലൌഡിയൻ വംശം ഏകദേശം ഒരു നൂറ്റാണ്ടോളം നിലനിന്നു. നീറോവിന്റെ കാലം വരെ അത് കുടുംബപ്പേരായി ഉപയോഗിക്കപ്പെട്ടിരുന്നു എങ്കില്യ്മ് അതിൻ ശേഷവും ആ പേർ സ്ഥാനപ്പേരിന്റെ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങി.

അദ്ദേഹം പഴയ റിപ്പബ്ലിക്കൻ ഭരണരീതിയുടെ സം‍രക്ഷകനായാണ് തന്റെ ഭരണം തുടങ്ങിയത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ ഒരു തന്ത്രമായിരുന്നു. അദ്ദേഹം തനിക്ക് ലഭിച്ച വിശേഷ അധികാരങ്ങൾ ഉപേക്ഷിച്ചു, പ്രത്യക്ഷത്തിൽ സെനറ്റിന്റെ വിന്ന്ത ദാസനായിരുന്നെങ്കിലും ഭരണാധികാരം മുഴുവനും പിടിവിടാതെ കൊണ്ടു നടന്നു. സെനറ്റ് വെറും കളിപ്പാവ മാത്രമായിത്തീർന്നു, അദ്ദേഹം പയ്യെ പയ്യെ തന്റെ അധികാരങ്ങൾ സെനറ്റിലെ അംഗങ്ങൾക്കായി വീതിച്ചു നൽകാൻ തുടങ്ങി. ഇതിനകം സെനറ്റു മുഴുവൻ സീസറിന്റെ കയ്യിലായിരുന്നു. അഗസ്റ്റസ് സീസർ കോൺസുൾ സ്ഥാനം ത്യജിക്കാൻ പോകുന്നു എന്ന വാർത്ത പരന്ന ഉടൻ റോമിൽ പ്ലീബിയന്മാർക്കിടയിൽ കലാപം പടരാൻ തുടങ്ങി. ഇതിൽ ഭയചകിതരായ സെനറ്റ് അഗസ്റ്റസ് സീസറിനോട് സ്ഥാനത്തു തുടരാൻ അപേക്ഷിക്കുകയായിരുന്നു. ഇതിനായി അവർ സീസർക്ക് ഏകാദിപത്യപരമായ പല അധികാരങ്ങളും വിട്ടുകൊടുത്തു. ഇത് ആദ്യത്തെ മദ്ധ്യസ്ഥം എന്നറിയപ്പെടുന്നു.

റോമൻ ലീജീയൺ അറുപത് എണ്ണത്തിനോടടുത്തായി പെരുകിയിരുന്നു. അഗസ്റ്റസ് സീസർ ഇതിൽ കൂറു കുറഞ്ഞതിനെയല്ലാം ഇല്ലാതാക്കി, മൊത്തം എണ്ണം 28 ആക്കി കുറച്ചു. ഇറ്റലിയിലെ സമാധാനം സം‍രക്ഷിക്കാൻ കൊഹോർസ് (ആംഗലേയത്തിൽ Cohorts) എന്ന പ്രത്യേക പട്ടാള സം‌വിധാനം അദ്ദേഹം ഏർപ്പെടുത്തുകയുണ്ടായി. ഇത് പിന്നീട് പ്രിട്ടോറിയാനി(ആംഗലേയത്തിൽ Praetorians) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. സീസറുടെ അംഗരക്ഷണം അവരുടെ ചുമതലകളായിരുന്നു.

 
റോമിന്റെ ഭൂപടം. ഏറ്റവും അധികം വിസ്തൃതിയുള്ളപ്പോൾ ട്രേജൻ ചക്രവർത്തിയുടെ കാലത്ത്

സെനറ്റിലെ പലതായി വിഭജിച്ചു, പ്രവിശ്യകളുടെ ഭരണം എല്പിച്ചു. കുഴപ്പങ്ങൾ ഉണ്ടാവാറുള്ള പ്രവിശ്യകൾ സീസറുടെ മേൽനോട്ടത്തിൽ തന്നെ നിയന്ത്രിക്കപ്പെട്ടു. ഇത്തരം പ്രവിശ്യകളെ രാജകീയ പ്രവിശ്യകൾ എന്നു വിളിച്ചിരുന്നു. ഇവിടങ്ങളിൽ ലീജിയണുകളെ കൂടുതലായി വിനിയോഗിക്കപ്പെട്ടു. സമാധാന പരമായ പ്രവിശ്യകൾ മാത്രമേ സെനറ്റുകൾക്ക് നൽകപെട്ടുള്ളൂ. ലീജിയണുകൾ ഇവിടെ കുറവുമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഖജനാവിനേയും സീസർ രണ്ടാക്കി ഭാഗിച്ചു. അദ്ദേഹത്തിന്റെ നിയന്ത്രണത്തിനു കീഴിൽ ഉണ്ടായിരുന്ന പ്രദേശങ്ങളിൽ നിന്നുള്ള വരുമാനം സീസറിന്റെ മേൽ നോട്ടത്തിലുള്ള ഫിസ്കുസ് എന്ന ഉദ്യോഗസ്ഥരെ ഏല്പിച്ചു. സെനറ്റ് ഭരിക്കുന്ന പ്രവിശ്യകളിലെ നികുതികൾ പൊതു ഖജനാവിലേയ്ക്കും വരവു വച്ചു. ഇതു മൂലം അഗസ്റ്റസ് സെനറ്റിനേക്കാളും സമ്പന്നനായി. അതുകൊണ്ട് ലീജിയണ്മരുടെ ശമ്പളം ക്രമത്തിന് നൽകാനും അതു വഴി അവരുടെ വിധേയത്വം ഉറപ്പു വരുത്തി. ഈജിപ്തിലെ രാജകീയ പ്രവിശ്യയിൽ നിന്നാണ് ഏറ്റവും വരുമാനം ലഭിച്ചിരുന്നത്. ഇവിടെ സെനറ്റർമാർ പോകുന്നതുപോലും വിലക്കപ്പെട്ടിരുന്നു. റോമിലേയ്ക്കുള്ള ഭക്ഷണത്തിന്റെ പ്രധാന ഉറവിടം ഇതായിരുന്നു.

അദ്ദേഹം വീണ്ടും 23ല് തന്റെ കോൺസുൾ പദവി രജിവയ്ക്കുകയും അതേ തുടർന്നുണ്ടായ നാടകീയ മായ രംഗങ്ങൾക്ക് രണ്ടാമത്തെ മദ്ധ്യസ്ഥം നടക്കുയും സീസർക്ക് കൂടുതൽ അധികാരങ്ങൾ കല്പിച്ച് അനുവദിക്കുകയും ചെയ്യപ്പെട്ടു. [2]ഇത്തരം പരിഷ്കാരങ്ങൾ ഗണതന്ത്ര വ്യവസ്ഥ പ്രകാരം തെറ്റായിരുന്നു. എന്നാൽ സെനറ്റിൽ അതിനെ എതിർക്കാൻ കെല്പുള്ള ആരും തന്നെ അന്ന് ഉണ്ടായിരുന്നില്ല. പ്രധാനമായും എതിർത്തിരുന്ന സിസെറോ, കേറ്റോ എന്നിവർ നേരത്തേ തന്നെ വധിക്കപ്പെട്ടിരുന്നു. തനിക്ക് വിധേയത്വം പുലർത്താത്ത സെനറ്റർമാരെ ഒഴിവാക്കാൻ അഗസ്റ്റസ് പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. സിസർക്ക് രാജാവിന്റേതിനു തുല്യമായ അധികാരങ്ങൾ ലഭിച്ചു. ഏതു പ്രവിശ്യയിലും ഇടപെടാനും ഗവർണർമാരുടെ വിധികളെ ഇല്ലായ്മ ചെയ്യാനുമുള്ള അധികാരം അദ്ദേഹത്തിന് നൽകപ്പെട്ടു. ഇതിനെ ഇം‍പീരിയും പ്രോകോൺസുലാരെ മൈയുസ് imperium proconsulare maius ("power over all proconsuls") എന്നറിയപ്പെട്ടു.]

രാജ്യസീമകൾ സുരക്ഷമാക്കാൻ നടത്തിയ ചില യുദ്ധങ്ങളിൽ പരാജയപ്പെട്ടെങ്കിലും അവസാനകാലത്ത് അദ്ദേഹം കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ കൊണ്ടു നടന്നു. അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 
അഗസ്റ്റസ് സീസർ അഥവാ ഒക്ടേവിയൻ ആയിരുന്നു റൊമാ സാമ്രാജ്യ സ്ഥാപകൻ

അദ്ദേഹത്തിന്റെ പുത്രന്മാർക്കാർക്കും തന്നെ അദ്ദേഹത്തിന്റെ പിൻ‍ഗാമിയാവുന്നതിനുള്ള ആയുസ്സ് ഉണ്ടായിരുന്നില്ല. അതു കൊണ്ട് അദ്ദേഹത്തിന്റെ വളർത്തു പുത്രനായ ടൈബീരിയസ് ആണ് പിൻ‍ഗാമിയായി വാണത്.

 
റൊമാ കേന്ദ്രത്തിന്റെ രൂപരേഖ, അഗസ്റ്റസ് ടൈബീരിയസ് എന്നിവരുടെ കൊട്ടാരങ്ങളും കാണാം

അഗസ്റ്റസ് സീസറിന്റെ ദത്തു പുത്രനായിരുന്നു ടൈബീരിയസ്, അദ്ദേഹത്തിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകൻ. സീസറുടെ വംശം ജെൻസ് ജൂലിയോ എന്നറിയപ്പെടുന്ന റോമിലെ ഏറ്റവും പുരാതനമായ വംശം ആയിരുന്നു. അതിനേക്കാൾ തൊട്ടു താഴെ വരുന്നതാണ് ടൈബീരിയസിന്റെ പിതാവിന്റെ വംശമായ ജെൻസ് ക്ലൌഡിയോ. പിന്നീട് നീറോ ചക്രവർത്തി വരെ ഭരിച്ചിരുന്നവരെല്ലാം ഈ ബന്ധത്തിൽ പെട്ടവരുടെ പരമ്പരയായിരുന്നു. ടൈബീരിയസിന്റെ സഹൊദരന് അഗസ്റ്റസ് സീസറിന്റെ സഹോദരി ഓക്ടേവിയ മൈനർക്കോ മൂത്ത ജൂലിയക്കോ ഉണ്ടായ സന്തതി പാരമ്പര്യത്തിൽ പെട്ടവരാണ്. ചരിത്രകാരന്മാർ ഈ വംശത്തിന്റെ ഭരണത്തിനെ ജൂലിയോ-ക്ലൌഡിയൻ സാമ്രാജ്യം എന്ന് വിളിക്കാറുണ്ട്.

എഡി 14 മുതൽ 37 വരെ റോമാസാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്നു ടൈബീരിയസ് എന്ന ടൈബീരിയയ് ജൂലിയസ് സീസർ അഗസ്റ്റസ്(ബിസി 42 നവംബർ16-എഡി മാർച്ച് 16).ലിവിസ് ഡ്രസ്സില്ലയും ടൈബീരിയസ് ക്ലാഡിയസ് നീറോയുമായിരുന്നു മാതാപിതാക്കൾ.ബിസി 39 ൽ നീറോയിൽ നിന്ന് വിവാഹമോചനം നേടിയ അദ്ദേഹത്തിന്റെ മാതാവ് പിന്നീട് അഗ്‌സറ്റസിനെ വിവാഹം കഴിച്ചു.ടൈബീരിയസ് പിന്നീട് അഗസ്റ്റസിന്റെ മകളായ ജൂലിയ ദ എൾഡറിനെയാണ് വിവാഹം ചെയ്തത്. റോമാസാമ്ര്യാജ്യത്തിലെ മഹാനായ ജനറർമാരിലൊരാളായിരുന്നു. ടൈബീരിയസ്. പാനോണിയ, ഡാൽമാഷ്യ, റയേഷ്യ, ജർമേനിയ എന്നീ പ്രദേശങ്ങൾ അദ്ദേഹം കീഴടക്കിയിരുന്നു.

റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിക്കുകയായിരുന്നു എന്ന് ഒരു കിം‍വദന്തി ഉണ്ട്. റോമിലെ മഹത്തായ വലിയ തീപ്പിടുത്തത്തിന് ശേഷം റോം പുന:സൃഷ്ടിച്ചതിനും നിറോ പ്രസിദ്ധനാണ്. അദ്ദേഹം വലിയ തോതിൽ ക്രിസ്ത്യാനികളുടെ മതവിചാരണ നടത്തി കൊലപ്പെടുത്തുകയും അത് സെനറ്റിന്റെ വെറുപ്പിന് കാരണമായിത്തീരുകയും അവസാനം നിറോയെ കൊലപ്പെടുത്താൻ സെനറ്റ് നിയമം കൊണ്ടുവരികയും ചെയ്തു. എന്നാൽ നിയമം നടപ്പാക്കുന്നതിനു മുന്നേ തന്നെ നീറോ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

റോമാക്കാർ സ്വാതന്ത്ര്യം കൂടുതൽ ആസ്വദിച്ചിരുന്നു. അവർ കൂടുതൽ സഞ്ചാരം നടത്താൻ തുടങ്ങി. റിപ്പബ്ലിക്കിലെ ജീവിതവുമായി താരതമ്യപ്പെടുത്തിയാൽ കൂടുതൽ അയഞ്ഞതായിരുന്നു ജീവിതം. റോമാക്കാർ ഒരോ നഗരങ്ങളിലും അവരവരുടെ ദൈവങ്ങളെ ആരാധിച്ചാണ്‌ കഴിഞ്ഞിരുന്നത്‌. പൊതുവായ ഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല. റോമാക്കാരുടെ കീഴിൽ ഉണ്ടായിരുന്ന വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷയായിരുന്നു സംസാരിച്ചിരുന്നത്‌. എങ്കിലും ലത്തീൻ ഭാഷക്കും സംസ്കാരത്തിനുമെല്ലാം ഇവിടങ്ങളിൽ ചിരപ്രതിഷ്ഠ ലഭിച്ചു. അതിനായി അവർ ലത്തീൻ ഭാഷ ഉപയോഗിക്കുന്നതും അവരുടെ ദൈവങ്ങളെ ആരാധിക്കുന്നതുമായ കുറേ നഗരങ്ങൾ സൃഷ്ടിച്ചു. ഫ്രാൻസ്‌, ഇറ്റലി, റുമാനിയ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും ഒടുവിൽ വടക്കു പടിഞ്ഞാറെ ആഫ്രിക്കയിലും മിക്കാവാറും ലത്തീൻ ഭാഷതന്നെയായിരുന്നു.

പ്രധാന വ്യവസായം കൃഷിതന്നെയായിരുന്നു. ആദ്യകാലത്തെ റിപ്പബ്ലിക്കിലെ സ്വതന്ത്രരും പാടത്തു പണിയെടുത്തിരുന്ന പട്ടാളക്കാരുമുണ്ടായിരുന്ന കാലം അവസാനിച്ചിരുന്നു. പൂണിക യുദ്ധത്തിൽ പിടിച്ചെടുത്ത അടിമകളെക്കൊണ്ട്‌ കൃഷി ചെയ്തിരുന്ന സ്വകാര്യ ഭൂവുടമകൾ അവിടവിടെ ഉദയം ചെയ്തു. അടിമകൾ പല ഭാഷകൾ സംസാരിച്ചിരുന്നതിനാൽ തമ്മിൽ തമ്മിൽ അറിയുകയും ബുദ്ധിമുട്ടായിരുന്നു. അവരെ കടുത്ത ജോലികൾക്കും പീഡനങ്ങൾക്കും വിധേയരാക്കിയിരുന്നു. അടിമകളായി ജനിച്ചവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തങ്ങളുടെ അവകാശങ്ങൾ എന്തെന്നറിയാനോ മർദ്ധനത്തെ എതിർക്കാനോ ഉള്ള ഐക്യബോധം അവർക്കുണ്ടായിരുന്നില്ല. എഴുതാനും വായിക്കാനും അവർക്കറിയില്ലായിരുന്നു.

മിക്കവാറും എല്ലാ വ്യവസായങ്ങളിലും അടിമകളേ ഉപയോഗിക്കുന്നത്‌ പടർന്ന് പിടിച്ചു. ഖനനം, കപ്പലിൽ തണ്ടു വലിക്കുക, ലോഹപ്പണികൾ, പാത നിർമ്മാണം, കെട്ടിട നിർമ്മാണം എന്നിവയിൽ അടിമകൾ മാത്രമായി ജോലിക്കാർ.

ഇത്തരം അടിമകൾ കൂടാതെ സ്വതന്ത്രരായ ചില സാധുക്കളും അടിമത്തത്തിൽ നിന്ന് മോചനം ലഭിച്ചവരും നഗരങ്ങളിലും നാട്ടിൻ പുറങ്ങളിലും ജോലിയെടുത്തിരുന്നു.

അടിമകളെക്കൊണ്ട്‌ ആയുധപോരാട്ടത്തിൽ ഏർപ്പെടുത്തി രസിക്കുന്ന ഒരു സമ്പ്രദായം വീണ്ടും റോമായിൽ ആരംഭിച്ചു. ഗ്ലാഡിയേറ്റർ എന്ന് ആംഗലേയത്തിൽ വിളിക്കുന്ന ഇവർ പ്രധാനമായും അടിമകളായ അംഗരക്ഷകരായിരുന്നു.

അടിമകൾക്കിടയിൽ വിദ്യാഭ്യാസമുള്ളവരും ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ അടിമകൾക്ക്‌ വിവാഹം വരെ നിഷിദ്ധമായിരുന്നു. എന്നാൽ ക്രി.വ. ഒന്നാം ശതകത്തിൽ സ്ഥിതിഗതികൾക്ക്‌ അയവു വന്നു തുടങ്ങി. അടിമകൾക്ക്‌ കുറച്ചൊക്കെ അവകാശങ്ങൾ സിദ്ധിക്കാൻ തൂടങ്ങി. അവന്‌ പിക്കൂളിയം എന്നപേരിൽ സ്വത്തിനവകാശം ലഭിച്ചു. വിവാഹം അനുവദിനീയമായിത്തീർന്നു. കൃഷിക്കും മറ്റും നിശ്ചിത സമയത്തേക്ക്‌ കൂലി വേലയെടുക്കുന്ന അടിയാന്മാരായിത്തീർന്നു അടിമകൾ.

സ്വതന്ത്രരായ ജനങ്ങൾ വളരെ കുറവായിരുന്നു. വിദ്യാലയങ്ങളും കലാലയങ്ങളും വളരെ കുറവും. എങ്ങും അടിമകൾ തന്നെയായിരുന്നു അധികവും.

ക്രി.വ. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ റൊമാസാമ്രാജ്യത്തിലെ ജനനീവിതത്തിൽ ക്രൂരതയും ക്ലേശവും നടമാടിയിരുന്നു. ആഡംബരവും ഹുങ്കു കാണിക്കലുമായിരുന്നു പ്രധാനമായും നടന്നിരുന്നത്‌. മിക്ക നഗരങ്ങളിലേയും കേന്ദ്രസ്ഥാനം മല്ലരംഗങ്ങളിലെ രക്തരൂക്ഷിതമായ രംഗസ്ഥലങ്ങളായിരുന്നു.

ഗ്രീസിൽ ടോളമിയുടെ കാലത്ത്‌ പ്രചരിച്ചിരുന്ന സെറാപീസ്‌-ഐസിസ്‌ ക്ഷേത്രങ്ങളും പുരോഹിതന്മാരും റോമിലും പ്രചരിച്ചു. സെറാപീസ്‌ എന്നത്‌ പണ്ട്‌ ഈജിപ്തിലുണ്ടായിരുന്ന ഒസിരിസ്‌-ആപ്പീസിന്റെ പുതിയരൂപമാണ്‌. ഇതു തന്നെയാണ്‌ റോമിൽ അന്നുണ്ടായിരുന്ന ജൂപിറ്റർ, ഗ്രീക്കുകാരുടെ സിയൂസ്‌, പാർസികളുടെ സൂര്യ ഭഗവാൻ എന്നീ ദേവതമാർ. ലോകത്തിനു തന്നെ ഈ വിശ്വാസരീതി വഴിതുറന്നു കൊടുത്തത്‌ റോമാക്കാരാണ്‌. ഇതിനോട്‌ മത്സരിച്ചു നിന്നത്‌ ഇറാനിൽ ഉത്ഭവിച്ച മിത്ര മതമാണ്‌. കാളയെ ബലികൊടുക്കുന്നതും മറ്റുമാണ്‌ ഈ മതത്തിൽ. ഈ മതത്തിൽ ചേരുന്ന അവസരത്തിൽ ഒരു കോണിപ്പടിയുടെ മുകളിൽ വച്ച്‌ കാളയെ അറുക്കുകയും താഴെക്കൂടെ ആൾ കടന്നു പോവുകയും ചെയ്യണമായിരുന്നു. രക്തം ആ മതക്കാർക്ക്‌ ജീവനം തരുന്ന ഒന്നായിരുന്നു.

യാഗങ്ങൾ ഒരു പൊതു ചടങ്ങായി നടത്തപ്പെട്ടിരുന്നു. എന്നാൽ മതങ്ങൾ എല്ലാം വ്യക്തിപരമായ ചുറ്റളവിൽ നിന്ന് വളർന്നില്ല. ജൂപ്പിറ്ററും ഐസിസ്സിനും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ചില സീസർമാരുടെ പേരിലും ക്ഷേത്രങ്ങൾ നിലവിൽ വന്നു. എന്നാൽ അവിടെയെല്ലാം രാജഭക്തി കാണിക്കാനുള്ള വികലമായ ആരാധനകൾ മാത്രമായിരുന്നു. ചില സ്ഥലങ്ങളിൽ വീനസിനും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. കാർത്തേജിലായിരുന്നു ഇത്‌ അധികം.

റോമാ സാമ്രാജ്യത്തിന്റെ ആദ്യ ചക്രവർത്തിയായ അഗസ്റ്റസ്‌ സീസറീന്റെ കാലത്താണ്‌ യേശു ജനിച്ചത്‌. ടൈബീരിയസിന്റെ കാലത്ത്‌ അദ്ദേഹം സുവിശേഷം പ്രചരിപ്പിച്ചിരുന്നു. എന്നാൽ അതിനു വളരെക്കാലങ്ങൾക്കുശേഷം ആണ്‌ ക്രിസ്തുമതം റോമിൽ പ്രചരിക്കുന്നത്‌. ഇതിന്റെ മുഖ്യ പങ്കു വഹിച്ചത്‌ വിശുദ്ധനായ പൗലോസ്‌ ആണ്‌. അദ്ദേഹം യേശുവിനെ കാണുകയോ സുവിശേഷം കേൾക്കുകയോ ചെയ്തിട്ടുള്ള ആൾ അല്ല. മറിച്ച്‌ ആദ്യകാലങ്ങളിൽ യേശുവിന്റെ ആദ്യത്തെ ശിഷ്യന്മാരുടെ പ്രവർത്തികൾക്ക്‌ പ്രതിബന്ധം സൃഷ്ടിക്കുകയും അവരെ എതിർക്കുകയും ഉപദ്രവിക്കുകയും ചെയ്ത ശൗൽ എന്ന ആളായിരുന്നു. പിന്നീട്‌ പൗലോസ്‌ എന്ന പേര്‌ സ്വീകരിക്കുകയും ക്രിസ്തു മത പ്രചരണത്തിൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം റോമിലെ അടിമകളോട്‌ സുവിശേഷം പറയുകയും അവരെ ക്രിസ്തുമതത്തിലേക്ക്‌ ചേർക്കുകയും ചെയ്തു. താമസിയാതെ ക്രിസ്തുവിനു ശേഷമുള്ള രണ്ടു നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന്‌ മറ്റെങ്ങുമില്ലാത്ത പ്രചാരം റോമിൽ ലഭിച്ചു. റോമിലെ മറ്റും മതങ്ങൾ ഒന്നുകിൽ ക്രിസ്തുമതത്തിൽ ലയിക്കുകയോ നാമാവശേഷമാകുകയോ ചെയ്തു.

എന്നാൽ ചക്രവർത്തിമാർ വിരോധം മുതൽ സഹിഷ്ണുത വരെ കാണിക്കുന്നവരുണ്ടായിരുന്നു. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കാലത്ത്‌ ക്രി.വ. 303 ൽ ക്രിസ്ത്യാനികളെ കിരാതമായ പിഢനങ്ങൾക്ക്‌ വിധേയമാക്കി. ഗ്രന്ഥങ്ങളും പള്ളികളും തീവച്ച്‌ നശിപ്പിച്ചു. പലരേയും വധിച്ചു. എന്നാൽ ഇത്‌ പ്രതീക്ഷിച്ച ഫലം കണ്ടില്ല. അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരിൽ പലരും ക്രിസ്ത്യാനികളായിരുന്നു. ക്രി.വ. 317 കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ ഗലീറിയസ്‌ ഒരു മതസ്വാതന്ത്ര്യ വിളംബരം പുറപ്പെടുവിച്ചു. എന്നാൽ ഏറ്റവുൻ വലിയ വഴിത്തിരിവായത്‌ കോൺസ്റ്റാന്റിൻ ചക്രവർത്തി ക്രിസ്തു മതത്തെ തന്റെ രാജ്യത്തിന്റെ ഔദ്യോഗിക മതമായി സ്വീകരിച്ചതാണ്‌. അദ്ദേഹം തന്റെ സൈന്യത്തിന്റെ കൊടിയിലും പരിചകളിലും കൈറോ ഒരു ചിഹ്നാമായി സ്വീകരിച്ചു, ഏതാനും വർഷങ്ങൾക്കുള്ളിൽ ക്രിസ്തുമതം റോമിൽ ചിരപ്രതിഷ്ഠ നേടി. [3]

  1. പി.ഏസ്. വേലായുധൻ. ലോകചരിത്രം-ഒന്നാം ഭാഗം. പത്താം പതിപ്പ്. ഏടുകൾ 162-163; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള 1985.
  2. റെസ് ഗെസ്റ്റായെ ഡിവി അഗസ്തി എന്ന താമ്രശാസനങ്ങൾ
  3. എച്ച്.ജി., വെൽസ് (1999) [1943]. ലോകചരിത്ര സംഗ്രഹം. സി. അച്യുതമേനോൻ (1st ed.). തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ്. ;

  റോമിനെപറ്റിയുള്ള ഈ ലേഖനം അപൂർണ്ണമാണ്. നിങ്ങൾക്ക് അത് പൂർത്തിയാക്കാൻ സഹായിക്കാം. ഈ സം‍രംഭത്തിൽ പങ്കാളിയാവൂ.